2026 ജൂൺ 21, ഞായറാഴ്‌ച


ഒരു ഞായറാഴ്ച്ചയും wisdam (16:12) വചനങ്ങളും .  

ഇന്ന്  ഒരു ഞായറാഴ്ച്ച രാവിലെ അനുഭവപ്പെട്ട തണുത്ത കാറ്റും, ചെവിയിലേക്ക് ഒഴുകിയെത്തിയ കിളികളുടെ കളകളാരാവവും ഒരു പുതിയ ദിവസത്തിന്റെ മനോഹരമായ ഒരു തുടക്കമായി.മനസ്സിന് കുളിർമയേകുന്ന ഈ പ്രഭാതം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായി അനുഭവപ്പെട്ടു.
ഞങ്ങളുടെ കൊച്ചുമകനും മകൻ അനുപും അതിരാവിലെ തന്നെ ഒരു ക്രിക്കറ്റ് മാച്ചിനായി  മേൽബോൻ സിറ്റിയിലേക്ക് രാവിലെ തന്നെ പോയിരുന്നു.

രാവിലെ അനുപുന്റെ ഭാര്യ കിറ്റിയോടൊപ്പം ഭാര്യയും കൊച്ചുമകളുമൊത്തു  ഞാൻ മെൽബര്നിലെ സൗത്ത്മോറാങ്ങിലുള്ള സെന്റ് ഫ്രാൻസിസ് ചർച്ചിൽ പോകുകയുണ്ടായി.ശീതകാലമായിരുന്നെങ്കിലും ഇന്നത്തെ പ്രഭാതം നല്ല സൂര്യപ്രകാശമുള്ള മനോഹരമായ ഒരു ദിവസമായിരുന്നു. കാലാവസ്ഥ ഏറെ സുഖകരവു മായിരുന്നു.

സെന്റ് ഫ്രാൻസിസ് ചർച്ച് ഒരു ലാറ്റിൻ കത്തോലിക്കാ ദേവാലയമാണ്. വളരെ കാലം മുൻപ് ഓസ്ട്രേലിയയിൽ ഏത്തിയ ഇറ്റാലിയൻ കുടിയേറ്റക്കാരാണ് ഈ മനോഹരമായ ഈ ദേവാലയം ഇവിടേ സ്ഥാപിച്ചത്. ഇന്ന് പള്ളിയിൽ വലിയൊരു ജനക്കൂട്ടമുണ്ടായിരുന്നു. ചുരുക്കം യൂറോപ്യൻ വംശജർക്കൊപ്പം പല രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും കുടുംബങ്ങളും പള്ളിയിലെ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു, വിവിധ ഭാഷകളും സംസ്കാരങ്ങളും ഉള്ളവർ ഒരേ ഇടത്ത് സമാധാനത്തോടെ ഒന്നിച്ചുകൂടുന്നത് കാണുന്നത് ഏറെ ഹൃദ്യമായിരുന്നു.

ഞാൻ ഒരു പുരാതന കത്തോലിക്കാ കുടുംബത്തിലാണ്  ജനിച്ചതെങ്കിലും 
മതത്തിന്റെ ചട്ടക്കൂടിനപ്പുറം — 
ഈ വിശ്വത്തിലും പ്രകൃതിയിലും നമ്മെ ചുറ്റിപ്പറ്റിയിരിക്കുന്ന അത്ഭുതകരമായ ഒരു ശക്തിയായിട്ടാണ്  ഞാൻ ദൈവത്തെ കാണുന്നത്. ജീവിതത്തിന്റെ ഒഴുക്കിലും പ്രകൃതിയുടെ നിശ്ശബ്ദതയിലും മനുഷ്യബന്ധങ്ങളുടെ സ്നേഹത്തിലും ഞാൻ ആ ദൈവിക സാന്നിധ്യം അനുഭവിക്കുന്നു.

അതിനാൽ തന്നെ പള്ളിയിൽ പോകുമ്പോൾ, അത് വെറും മതാചാരത്തിൽ പങ്കെടുക്കുന്നതായി ഞാൻ കാണുന്നില്ല. മറിച്ച്, എന്റെ ഉള്ളിലേക്ക് നോക്കാനും, ശാന്തത കണ്ടെത്താനും, നന്ദി പ്രകടിപ്പിക്കാനുമുള്ള ഒരു അവസരമായാണ് ഞാൻ അത് അനുഭവിക്കുന്നത്.

വിശുദ്ധ കുർബാനയും പ്രാർത്ഥനയും വളരെ ഭംഗിയായി നടന്നു.  വിയറ്റ്നാംകാരനായ  പുരോഹിതന്റെ  ഹൃസ്വമായ സന്ദേശവും ഇടയ്ക്കിടെ ഉണ്ടായ ഹൃദ്യവും ശാന്തവും സൃദ്ധിമധുരവുമായ സംഗീതവും മനസ്സിനെ വളരെ സ്പർശിച്ചു. ആ ശാന്തമായ അന്തരീക്ഷം സമാധാനവും ആത്മസംതൃപ്തിയും നൽകിയ 
 ഒരു മണിക്കൂർ സമയം ഞങ്ങൾക്ക് വളരെ വിലപ്പെട്ട അനുഭവമായിരുന്നു. നമ്മുടെ പരലോകസ്ഥരായ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്നേഹത്തോടെയും നന്ദിയോടെയും ഓർക്കാനും  കഴിഞ്ഞു.  അതോടൊപ്പം നമ്മുടെ മക്കളെയും കുടുംബത്തയും കുറിച്ചും നന്ദിയോടെ ചിന്തിക്കുകയും സമാധാനവും ശാന്തവുമായ യുദ്ധമില്ലാത്ത ഒരു ലോകത്തിനായി  ആഗ്രഹിക്കുകയും ചെയ്തു.

ആരാധന കഴിഞ്ഞ് പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ, മനസ്സിൽ ഒരുതരം ആഴമുള്ള സമാധാനവും സന്തോഷവും നിറഞ്ഞിരുന്നു. അത് മതത്തിന്റെ പരിധികൾക്കപ്പുറം, ജീവിതത്തോടും പ്രകൃതിയോടും മനുഷ്യബന്ധങ്ങളോടുമുള്ള നന്ദിയുടെയും സ്നേഹത്തിന്റെയും ഒരു മനോഹര അനുഭവമായിഅനുഭവപെടുകയും ചെയ്തു..

പള്ളിയിൽ നിന്ന ഇറങ്ങിയശേഷം  കിറ്റി ഞങ്ങളെ അടുത്തുള്ള  വലംപൂരി സാരി എക്സിബിഷൻ ഹാളിൽ കൊണ്ടുപോയി. ഇന്ത്യയിലെയും ശ്രീലെങ്കയിലയും വിത്യസ്തമായ തരത്തിലുള്ള സാരികൾക്കൊപ്പം മലയാളിസ്ത്രീകളുടെ ഓണം സ്പെഷ്യൽ സാരികളും അവിടെ വിൽപ്പനക്കായി പ്രദർശിപ്പിച്ചിരുന്നു.

വീട്ടിൽ എത്തിയപ്പോൾ പെട്ടന്ന് രാവിലത്തെ വാട്സ്ആപ്പ് മെസ്സേജുകൾ നോക്കി ഗുഡ് മോർണിംഗ് മെസ്സേജുകൾ അയച്ച സുഹൃത്തുക്കൾക്ക് ഗ്രീറ്റിംഗ്സ്  തിരിച്ചും അയച്ചു. 

അമേരിക്കയിലെ സിയറ്റിൽ നീന്നും ആസ്റ്റർ 
അലാസ്‌കയിലെക്കുള്ള 7 ദിവസത്തെ ഹോലൻഡ് -അമേരിക്കൻ ഗ്രീൻ ഹൗസ് ക്രൂസ് യാത്രയുടെ കുറെ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും പോസ്റ്റ് ചെയ്തത്   വാച്ച് ചെയ്തു.
ഞങ്ങളുടെ മകൾ ആസ്റ്ററും ഭർത്താവ് മനോജ്യും  അവരുടെ രണ്ടു പെൺകുട്ടികളുമായി  ഇപ്പോൾ ഒരു മാസത്തെ കാനഡ -അമേരിക്കൻ  ടൂറിലാണ്.

പെട്ടന്നാണ് എനിക്കു ഒരു ഫോൺ കാൾ വന്നത്. നോക്കിയപ്പോൾ അത് ഇപ്പോൾ സൗത്ത് ആഫ്രിക്കയിലുള്ള എന്റെ ഒരു അടുത്ത സുഹൃത്തിന്റെ ആണന്നു മനസിലായി.
എന്നെപ്പോലെ എന്റെ കസിൻ ബ്രദർ ചാക്കോ സാർ വഴിയാണ് അദ്ദേഹവും എത്തിയോപിയിൽ വന്നത്.  ഒരുവർഷം കഴിഞ്ഞു ഈ സുഹൃത്തു നൈജീരിയയിലാണ് അദ്ധ്യാപനായി ജോലിചെയ്തത്.  ഞങ്ങൾ പിന്നീട് നൈജീറിയയിൽ  വച്ച് അദേഹത്തിന്റെ  വളെരെ അടുത്ത സൗഹൃദം  പുലർത്തിയിരുന്നു. നല്ല ഒരു അദ്ധ്യാപകനും മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം..പിന്നീട്  കുറെ വർഷങ്ങൾക്കുശേഷം 
 ഞങ്ങൾ ലേസോതോയിലേക്കും പിന്നീട് സൗത്ത ആഫ്രിക്കയിലേക്കും അദ്ധ്യാപകരായി പോയപ്പോൾ അദ്ദേഹവും കുടുംബവും  ഇന്ത്യയിൽ ചെന്നൈയിലേക്കും പോയി. കുറെ വർഷങ്ങൾക്കു ശേഷം അവരും മൂന്നു പെൺകുട്ടികളുമായി ലേസോതോയിലും അവിടെനിന്നും സൗത്ത് ആഫ്രിക്കയിലും അഫ്യാപകരായിഎത്തി . ഇപ്പോൾ  അവർ അവരുടെ മൂന്നു പെൺകുട്ടികളും ഭർത്താക്കന്മാരും അവരുടെ കുട്ടികളും ഒത്തു നല്ല നിലയിൽ സൗത്ത് ആഫ്രിക്കയിൽ താമസിക്കുന്നു.

കുറച്ചു കാലമായി ഓരോ കാരണങ്ങളാൽ എനിക്കു പല അടുത്ത സുഹൃത്തുക്കളെയും കോൺടാക്ട് ചെയ്യാൻ കഴിഞ്ഞില്ല. അതിൽ ഒരാളാണ് ഈ സുഹൃത്തും.  കോൾ കിട്ടിയ സന്തോഷത്തിൽ ഞാൻ അദ്ദേഹത്തെ അഭിവാദനം ചെയ്ത് വാചാലമായി സംസാരിച്ചു തുടങ്ങിയപ്പോൾ  മറുപടി പറഞ്ഞത് സുഹൃത്തിന്റെഭാര്യയായിരിന്നു, വളരെ വേദനയോടെ.രണ്ടു മൂന്നാഴച്ചക്കുമുൻപ്   അദ്ദേഹത്തിന് ഒന്നുരണ്ടു പ്രാവശ്യം അറ്റക്ക് വന്നതും വളരെ അവശനായി ഒരു വശം തളർന്നു ആശുപത്രിയിൽ കഴിയുന്ന കാര്യവും അവർ  എന്നോട്  ഒരുവിധം പറഞ്ഞു.  അങ്ങനെ വലിയ സന്തോഷത്തോടെ ആരംഭിച്ച ദിവസവും  ആ ഫോൺ സന്നേശവും എന്നെ നിശബ്‍ദനാക്കി.  എന്റെ ആശ്വാസവാക്കുകൾ കേൾക്കാൻ നിൽക്കാതെ അവർ എന്നോട് ഒന്നു മാത്രം പറഞ്ഞു നിർത്തി. 
"സുഹൃത്തിനുവേണ്ടി പ്രാർഥിക്കണം, പ്രാർഥിക്കുമ്പോൾ മറക്കാതെ  Wisdom(16:12) ചൊല്ലി പ്രാർഥിക്കണം."

എന്റെ മടുപാടി കാത്തു നിൽക്കാതെ അവർ ഫോൺ താഴെ വച്ചു.  വീട്ടിൽ സൂക്ഷിച്ചിരുന്ന മലയാളം ബൈബിൾ തുറന്നു ജ്ഞാന പുസ്ത്തകം (Wisdom) 16:12 വായിച്ച നോക്കി.

“അവരെ സുഖപ്പെടുത്തിയത് ഔഷധസസ്യങ്ങളോ ലേപനങ്ങളോ ആയിരുന്നില്ല; സർവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്, കർത്താവേ, അവരെ സുഖപ്പെടുത്തിയത്.”

പതുക്കേ  അത് എനിക്കു മനപാഠമായി.
പിന്നെയും ഞാൻ  പല  പലപ്രാവശ്യം അത്  ആവർത്തിക്കുകയും ചെയ്തു.  സത്യത്തിൽ  അവർക്കുവേണ്ടി മറ്റൊന്നും ചെയ്യാനും ഈ  അവസരത്തിൽ  എനിക്ക്  സാധിക്കുകയുമില്ല.   അവരുടെ വിശ്വാസം പോലെ പ്രിയപ്പെട്ട സുഹൃത്ത് പതുക്കെ  സുഖം പ്രാപിക്കിക്കുമെന്നും  ഇനിയും  കാണാൻ  സാധിക്കുമെന്നും  പ്രത്യാശിക്കുന്നു .