2020, ജൂലൈ 10, വെള്ളിയാഴ്‌ച

കൊറോണകാലവും കുറേ ഓർമ്മകുറിപ്പുകളും പ്രതീക്ഷകളും.

Brisbane city view

കേരളത്തിൽ  കൊറോണ റിപ്പോർട്ട്‌ ചെയ്യുന്നതിന്  അൽപ്പം   മുൻപ്  ഓസ്‌ട്രേലിയയിലെ പേരക്കുട്ടികളെ  കാണാൻ  ടൂറിസ്റ്റ്  വിസയിൽ  ബ്രിസ്ബനിൽ എത്തി യിരുന്നു . ഇവിടെ  മക്കളും  കൊച്ചുമക്കളും  ഒത്തു  കറങ്ങി നടക്കുന്നതിനിടയിൽ   ലോകത്തെ ഞട്ടിച്ചു കൊണ്ടുള്ള കൊറോണയുടെ  വരവായി .

   വൈകുന്നേരം    ഒരു  ഈവെനിംഗ്  യാത്രക്കിടയിലാണ്  നാട്ടിലെ  മറക്കാൻ  കഴിയാത്ത  സായാഹ്നങ്ങളിലെ  ഒരു  കൂട്ടായ്മയെപ്പറ്റി  ഓർമമയിൽ വന്നത്   .  ഉടനെത്തന്നെ  അതിൽ  സജീവമായി  പങ്കെടുത്തിരുന്ന   ഒരു സുഹൃത്തിനെ ഫോണിൽ   വിളിച്ചു.  അവരെ എല്ലാം  മിസ്സ്‌  ചെയ്തതിലും ഉടനെ തിരിച്ചു പോരാൻ   സാധിക്കാത്തതിലുമുള്ള   നിരാശയിലുമായിരുന്നു  ഞാനപ്പോൾ .   പക്ഷേ എന്റെ  സ്നേഹന്വഷണത്തിനിടയിലെ അദേഹത്തിന്റെ   പ്രതികരണം  എന്നെ കൂടുതൽ  വിഷമത്തിലാക്കി. അദ്ദേഹം  പറഞ്ഞു......... 

"ഇവിടെ വീട്ടിലിരുന്നു മടുത്തു മാസ്റ്ററെ ."

"മാർച്ചു മാസത്തിൽ ഞങ്ങൾ പിരിഞ്ഞതാണ് പിന്നെ ആരെയും കാണാൻ കഴിഞ്ഞിട്ടില്ല "

"വിജയേട്ടനെയും  നമ്മുടെ മററുസുഹൃത്തുക്കളെയും പറ്റിയും കൂടുതൽ ഒ ന്നും അറിയില്ല,  "

"ഇവിടെ പ്രായമായവരുടെ സ്ഥിതി വളരെ ബുദ്ധിമുട്ടാണു മാസ്റ്ററെ   , വീട്ടിലിരുന്നു മടുത്തു " .

 "ഇവിടെയെല്ലാം   പലയിടത്തും  പ്രായമായവരും   തെഴിൽ നഷ്ടപ്പെട്ടവരുമൊക്കെ  കടുത്ത അസ്വസ്ഥരാണ്.    ആത്മഹത്യകളും  മരണങ്ങളും ഒക്കെ  കൂടി വരുന്നു."

"സ്കൂളിലൊന്നുനും  പോകാതെയും  വീട്ടിലിരുന്നും  കുട്ടികളും  അസ്വാസ്ഥരായിരിക്കുന്നു "

അവസാനം  എനിക്ക്   ഒരു  ഉപദേശവും തന്നു -
"  ഇവിടെ ഇപ്പോൾ  വരാതിരിക്കുന്നതാണ്  നല്ലത്  മാസ്റ്ററെ  !! "
 -
" പിന്നെ  കഴിയുമെങ്കിൽ  തല്ക്കാലം  അവിടെ  പിടിച്ചു നിൽക്കുക".


 "സീനിയർ സിറ്റിസൺസ്  "എന്നൊക്ക  പറയാറുള്ള ഞങ്ങളുടെ  നാട്ടിലെ വൃദ്ധന്മാരുടെ സായാഹ്ന  കൂട്ടായ്മയിൽ  കൃത്യ  സമയത്തു തന്നെ മുടങ്ങാതെ  എത്തിയിരുന്ന   ആളാണ്. സ്ഥലത്തെ റവന്യൂ വകുപ്പിന്റെ  തലവനായി നീണ്ട കാലത്തെ  സേവനം കഴിഞ്ഞു  ഏതാണ്ട്  പത്തു വർഷത്തിന് മുൻപ്  പെൻഷനായി. ഇപ്പോൾ  ഭാര്യയുമൊത്തു  പത്രംമൊക്കെ  വായിച്ചു  മിതമായി ഭക്ഷണം മാത്രം കഴിച്ചു  അത്യവശ്യം  ടെലിവിഷനും  കണ്ടു വീട്ടിൽ   സ്വസ്ഥ ജീവിതം.  രണ്ടു മക്കളും  വിവാഹമൊക്കെ കഴിഞ്ഞു ജോലിയിലുമാണ്.  ഞങ്ങളുടെ  കൂട്ടയ്മകളിൽ    സജീവമായി പങ്കെടുക്കുകയും കലയും സാഹിത്യവും  രാഷ്ട്രിയവും  നാടിന്റെ  മാറുന്ന മുഖവുമെല്ലാം  വസ്തുനിഷ്ടമായി  വിശകലനം ചെയ്തിരുന്ന ഒരു സുഹൃത്തിന്റെ   ഈ പ്രതികരണം എന്നെ  വേദനിപ്പിച്ചു.

ബാംഗ്ലൂരിൽ ജോലി ചെയ്തിതിരുന്ന ഇദ്ദേഹത്തിന്റെ  മകനും  കുടുംബവും  ഇപ്പോൾ  വീട്ടിൽ എത്തിയിരിക്കുന്നു . അതുകൊണ്ട്  ഈ സുഹൃത്തും  മുഴുവൻ   കുടുംബവും  പുറത്തിറങ്ങാതെ ഇപ്പോൾ  14 ദിവസത്തെ കോറൻസേയിനിലാണത്രെ !!


ഇതുപോലെ ഞങ്ങളുടെ  നാട്ടിലെ വളരെ പ്രധാനപ്പെട്ട പല മേഖലകളിലും  സേവനം  ചെയ്ത്  ഇപ്പോൾ  സ്വസ്ഥജീവിതം  നയിക്കുന്ന  എട്ടോളം  പേരുള്ള  ഒരു കൂട്ടായ്മയായിരുന്നു   ഞങ്ങളുടെ  സായാഹ്നങ്ങൾ. ഹെഡ്മാസ്റ്ററായി  വിശിഷ്ടസേവനത്തിന്റെ  നാഷണൽ  അവാർഡ് വാങ്ങിയ  അദ്ധ്യാപകരും, രാജ്യരക്ഷക്കു വേണ്ടി ഇൻഡ്യൻ ആർമിയിൽ ജോലി ചെയ്തിരുന്ന ഒരാളും  പോലീസ് SI മാരും ,  കൃഷി ഓഫീസറും ,  അക്കൗണ്ടനുമെല്ലാം  ഈ കൂട്ടത്തിൽ  ഉണ്ടായിരുന്നു. .  എല്ലാവരും  മുതിർന്ന പൗരന്മാർ  തന്നെയായിരുന്നു !! 
ഏതാണ്ട് 50 വർഷത്തോളം  പഴയ  ഒരു ചരിത്രവും   പാരമ്പര്യവും ഒക്കെ   ഈ  ഒത്തുചേരലിനുണ്ട്.  ഇവരോടൊപ്പം   പ്രവർത്തിച്ചിരുന്ന പല  എഴുത്തു കാരും   കലാകാരമാരും   പൊതുപ്രവർത്തകരും ഇതിനിടയിൽ   പലപ്പോഴായി  നാടുനീങ്ങി പോയി രിക്കുന്നു.......

ചമ്മട്ടം വയലിലെ  ഒരു പാറപ്പുറത്തു  വളർന്നുവന്ന  ഈ  ഒത്തുചേരൽ  പിന്നീട്  കാഞ്ഞങ്ങാട്  മുൻസിപ്പാലിറ്റി യുടെ  കീഴിലുള്ള  വയോജന സെന്ററിലേ വിശാലമായ ഒരു കെട്ടിടത്തിലേക്ക് മാറ്റി.  ഈ പ്രദേശത്തെ  മുതിർന്ന പൗരന്മാരെയെല്ലാം  പങ്കെടുപ്പിച്ചുകൊണ്ടുള്ള  കൂട്ടായ്മകളും കലാ സാംസ്‌കാരിക  പരിപാടികളും  എന്റർടൈൻമെന്റ്  പ്രോഗ്രാംസും  മെഡിക്കൽ പരിശോധനകളും  എല്ലാം ഇവിടെ നടന്നിരുന്നു.   


ഞങ്ങളുടെ കുറേ വർഷം  നീണ്ട   ആഫ്രിക്കയിലെ  അദ്ധ്യാപക  ജീവിതം   കഴിഞ്ഞു   നാട്ടിലെത്തിയപ്പോൾ  നാടും  നാട്ടുകാരും സൗഹൃദങ്ങളും   നാടിന്റെ  പുതിയ  കാഴ്ച്ചപ്പാടുകളും  എല്ലാം  കുറേ വിത്യസ്തമായി  കാണപ്പെട്ടു. എല്ലാം  ഒന്നു കറങ്ങിനടന്നു  പഠിക്കുന്നതിനിടയിലാണ്  ഒരു  കുടുംബക്ഷേത്രത്തിലെ തെയ്യാട്ട  പരിപാടിക്കിടയിൽ  ഒരു  കൃഷ്ണൻ മാസ്റ്റർ  എന്നെ  ഇവരുടെ  കൂട്ടായ്മയിലേക്ക്    ക്ഷണിച്ചതും   തുടർന്ന്  എനിക്ക്  അതിന്റെ  ഭാഗമാകാൻ കഴിഞ്ഞതും.

ഇത്തരം ഒരു കൂട്ടായ്മ എനിക്കും   ഒരു പരിധിവരെ   ഈ   നാട്ടിന്റെ  നന്മയും  പുതിയ ജീവിതരീതികളും   ശരിക്കും   മനസ്സിലാക്കാനും   ചുറ്റുപാടുകളുമായി  ഇടപഴകാനും     കുറെകാലമെങ്കിലും  സന്തോഷമായി ഇവിടെ  ജീവിക്കാനും  സഹായകരമായി.
കഴിഞ്ഞ വർഷം  കാഞ്ഞങ്ങാട്  വച്ചു നടന്ന  സംസ്ഥാന  സ്കൂൾ  കലോത്സവത്തിന് പങ്കെടുത്തവരെല്ലാം  ഈ  നാടിന്റെ   ആദിത്യമനോഭാവത്തെയും  സൗഹൃദത്തേയും    തിരിച്ചറിയുകയും
ചയ്തു.

ഇതെല്ലാം  ഇപ്പോൾ നിലച്ചിരിക്കുന്നു ഏന്ന്  അറിയുബോൾ  തീർച്ചയായും വേദനതോന്നുന്നു .  COVID 19 അതിന്റെ  താണ്ടവം  ഇവിടേയും  സാധാരണ ജീവിതം  ദുസ്സഹകരമാക്കിയിരിക്കുന്നു . എല്ലാ ഒത്തുകൂടലും നിർത്തിവച്ചു.  എല്ലാവരും അവരവരുടെ  വീടിനുള്ളിൽ  അഭയം തേടിയിരുന്നു. സ്കൂളുകളും കളിക്കളങ്ങളും വായനശാലകളും  കല്യാണമണ്ഡപങ്ങളും  ആരാധനാലങ്ങളും  സിനിമാശാലകളും  എല്ലാം എല്ലാം  വിജനമായിരിക്കുന്നു .........

എങ്കിലും  എല്ലാ  വെല്ലുവിളികളെയും നേരിട്ട്    പ്രതീക്ഷകൾ   കൈവിടാതെ  കൂടുതൽ  ജാഗ്രതയോടെ   മുന്നോട്ട്  പോകാൻ  ശ്രമിക്കുന്ന  കേരളത്തിലെ  ആരോഗ്യപ്രവർത്തകരും  നിയമപാലകരും പോതുജനങ്ങളും  അവരെ  ശ്രദ്ധയോടെ  നയിക്കുന്ന ഒരു  ഭരണ സംവിധാനവും   നമുക്ക് പ്രതീക്ഷകൾ  നൽകുന്നതാണ്.   ഇനിയും  എല്ലാവർക്കും  പഴയതുപോലെ ഒത്തുചേരാനും  മുന്നോട്ടുപോകാനും   കഴിയുമെന്നുതന്നെ  കരുതാൻ  നമുക്ക്   കഴിയണം ! ലോകമെല്ലാം ഇപ്പോൾ  അതിനായി  നിയന്ത്രണങ്ങൾ  പാലിക്കുകയും  പുതിയ  വാക്‌സിൻ കണ്ടെത്താനുള്ള  ശ്രമങ്ങൾ  നടത്തുന്നു വെന്നതും  പ്രതീക്ഷ  നൽകുന്നതാണ്.

  രാജ്യങ്ങൾ  അവരുടെ  അതിർത്തികൾ തുറക്കുകയും   മനുഷ്യർ  സ്വതന്ത്രമായി  യാത്ര ചെയ്യുകയും  ജീവിതം  വീണ്ടും  സാധാരണ നിലയിലാവുകയും ചെയ്യാതിരിക്കില്ല.

  അപ്പോൾ   നാട്ടിലെത്തി  പഴയ സുഹൃത്തുക്കളെയും സഹോദരങ്ങളെയും അയൽ വാസികളേയും  വിശ്രമജീവിതം കഴിക്കുന്ന അമ്മാവനേയും    ഏല്ലാം  വീണ്ടും കാണണം.  മുൾട്ടിപ്ളെക്സ്  തീയറ്ററിൽ ഞങ്ങളുടെ  പ്രിയപ്പെട്ട  സുഹൃത്തുക്കൾക്കൊപ്പം  പുതിയ  ഒരു  മലയാളം  മൂവി  കാണണം.    ഇടക്കുവച്ചു  മുടങ്ങിപ്പോയ ഞങ്ങളുടെ   വിയറ്റ്നാം കമ്പോഡിയ യാത്ര  ചെയ്യണം.  പിന്നെ ആഫ്രിക്കയിലെ  പഴയ സുഹൃത്തുക്കളെയും  സ്കൂളുകളും  ഗ്രാമങ്ങളും  ഒരിക്കൽ കൂടി കാണണം. ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ  തുടർച്ചയായി  യാത്രചെയ്യണം.

അങ്ങനെ  പലതും  ഇനിയും  ബാക്കിയുണ്ട്.
കാത്തിരിക്കുന്നു.


J

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ